E-Magazine
ലക്കം: 4
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ജൂലായ് 2018
     
 
 
  Cover Page  
കല്ല്യാണിയുടെ കടി
ശ്രീപ്രസാദ്‌ വി.

“കുട്ടാ… നമ്മടെ കല്യാണിക്ക് എന്തോ ഒരു സുഖല്യാത്ത പോലെ…” വൈകുന്നേരത്തെ ചായകുടി സമയത്താണ് അമ്മ കുട്ടനോട് പറഞ്ഞത്.

     "അവൾ ഒന്നും തിന്നുണൂല്യ. കഴുത്താണെങ്കിൽ ഇടക്കിടെ കുടയുന്നു. മൂക്ക് നന്നായി ഉണങ്ങിയിരിക്കുകയാണ്!"

     പശുക്കളുടെ സുഖമില്ലായ്മ മൂക്കിൽ നോക്കിയാലറിയാമെന്നാണ് അമ്മയുടെ കണ്ടുപിടുത്തം. ഒരസുഖവുമില്ലെങ്കിൽ പൈക്കളുടെ മൂക്ക് നന്നായി നനഞ്ഞിരിക്കും. ചെറിയ വയ്യായ്ക ഉണ്ടെങ്കിൽപ്പോലും മൂക്ക് ഉണങ്ങിയിരിക്കുമത്രെ! ഇത് ശരിയാണെന്ന് നാട്ടിലെ ഏക മൃഗവൈദ്യനായ ആപ്പ വൈദ്യനും സമ്മതിച്ചതാണ്.

     അമ്മ കുറച്ച് പിണ്ണാക്ക് കലക്കിയ കാടിവെള്ളവുമായി പുറത്തേക്കിറങ്ങി. ചായ പതുക്കെ മൊത്തിക്കുടിച്ചുകൊണ്ട് കുട്ടനും അമ്മയുടെ പിന്നാലെ നടന്നു.

     മുൻവശത്തെ പഞ്ചാര മാവിന്റെ ചുവട്ടിലാണ് അന്ന് കല്യാണിയെ കെട്ടിയിരുന്നത്. ആ മാവിന് പഞ്ചാരമാവെന്ന പേരിട്ടതാരാണാവോ! എന്തായാലും അത് നല്ലവണ്ണം ചേരുമെന്ന് കുട്ടന് തോന്നി. ചെറിയ മാങ്ങയാണെങ്കിലും നല്ല മധുരം. കാമ്പ് കുറച്ചേ ഉള്ളൂവെങ്കിലും പഴുത്താൽ തൊലിക്കുപോലും മധുരമുണ്ട്.

     "കുടിക്കെടീ കല്യാണീ"

     അമ്മ കാടിപ്പാത്രം കല്യാണിയുടെ മുന്നിൽ വച്ച്, കൈകൊണ്ട് ഇളക്കി കുടിക്കാൻ പറയുകയാണ്. അവളാണെങ്കിൽ നോക്കുന്നുപോലുമില്ല. അമ്മ കുതിർന്ന കുറച്ച് പിണ്ണാക്ക് കൈകൊണ്ട് കോരിയെടുത്ത് കല്യാണിയുടെ വായ്ക്കടുത്ത് വച്ചു നോക്കി. എന്നിട്ടും അവൾക്ക് ഒരു നോട്ടവുമില്ല."ഒന്ന് ങ്ട് നോക്കൂ... കല്യാണി ഒന്നും കഴിക്കുണൂല്യ കുടിക്കുണൂല്യ . എന്തോ വയ്യായ്ക ഉള്ള പോലെ തോന്നുന്നു."

നോക്കൂ വിളി അച്ഛനെയാണ്. തെക്കേ മുറ്റത്ത് ചാണകം പൊടിച്ചുകൊണ്ടിരിക്കുകയാണ് അച്ഛൻ. അവധിക്കാലത്ത് ചാണകം ഉണക്കി പൊടിച്ച് ചാക്കിലാക്കി കെട്ടിവെക്കലാണ് അച്ഛന്റെ പ്രധാന പണി. ചേന നടുമ്പോഴും മഴക്കാലത്ത് ഇഞ്ചിക്കും മറ്റ് പച്ചക്കറി കൃഷിക്കുമൊക്കെയായിട്ടാണ് ഇത്. തെക്കേ മുറ്റത്തെ ചാണകക്കൂമ്പാരത്തിനു മുന്നിൽ കുന്തിച്ചിരുന്നുകൊണ്ട് ഒരു മരമുട്ടിയുമായി ഉണങ്ങിയ ചാണകം പൊടിച്ചുകൊണ്ട് അച്ഛൻ എത്ര നേരം വേണമെങ്കിലും ഇരുന്നോളും. അതുകോരി ചാക്കിലാക്കാൻ കുട്ടനെയും ചിലപ്പോൾ സഹായത്തിനായി വിളിക്കാറുണ്ട്. ഉണക്കാനിട്ട ചാണകത്തിൽനിന്നും വിരലിന്റെ വണ്ണമുള്ള വെളുത്ത ചിങ്ങൻ പുഴുക്കളെ കാക്കകൾ കൊത്തിക്കൊണ്ടു പോകുമ്പോൾ കുട്ടന് സങ്കടം വരാറുണ്ട്.

     കൈയിലെ ചാണകപ്പൊടിയൊക്കെ ഒന്ന് തട്ടിക്കളഞ്ഞ് അച്ഛൻ എഴുന്നേറ്റു വന്നു. അപ്പോഴേക്കും കല്യാണിയുടെ വെപ്രാളം കുറച്ചുകൂടി കൂടിയിട്ടുണ്ട്. വായിലൂടെ ചെറിയതായി നുരയും പതയും വരുന്നുണ്ട്. അച്ഛനും ചെറിയ പരിഭ്രമം.

     "എന്തോ തൊണ്ടയിൽ കുടുങ്ങിയതു പോലെയുണ്ടല്ലോ!"

     അച്ഛൻ കല്യാണിയുടെ മുഖത്തും താടയി (കഴുത്തിന്റെ താഴ്ഭാഗം) ലുമൊക്കെയൊന്ന് കൈകൊണ്ട് തടവി.

“ന്തായാലും ഒന്ന് കൈയിട്ടുനോക്കാം” അമ്മയെ നോക്കി പറഞ്ഞു.

     എല്ലാം കൂടി കണ്ടപ്പോൾ കുട്ടനും സങ്കടം വരാൻ തുടങ്ങിയിരുന്നു. അച്ഛൻ പതിയെ കൈ കല്യാണിയുടെ വായിലേക്കിട്ട് വിരലുകൾ കൊണ്ടൊന്ന് പരതാൻ നോക്കി.

     "അയ്യോ.... കടിച്ചേ ..." എന്നും പറഞ്ഞ് ഇടത്തെ കയ്യും കൊണ്ട് കല്യാണിയെ ഒറ്റ അടികൊടുത്ത് അച്ഛനൊരു ചാട്ടം. കുട്ടനും അമ്മയും നോക്കുമ്പോഴോ! അച്ഛന്റെ കൈയ്യിന്റെ മുട്ടിനു താഴെ കടിയുടെ ചെറിയൊരു പാട്. കുറേശ്ശെ ചോര കിനിയുന്നുമുണ്ട്.
"ഒന്ന് പോയി ആ ആപ്പയെ കൂട്ടി വരൂ"

     ഒരു കപ്പിൽ വെള്ളം കൊണ്ടുവന്ന് അച്ഛന്റെ കൈയിലേക്ക് ഒഴിച്ചുകൊടുക്കുമ്പോൾ അമ്മ ധൃതി കൂട്ടി. അപ്പോഴേക്കും കല്യാണിയുടെ അവസ്ഥ കുറേക്കൂടി മോശമായപോലെ കുട്ടനുതോന്നി. തല വല്ലാതെ മുകളിലേക്ക് നീട്ടുന്നു. നാക്കും ഇടക്കിടെ പുറത്തിടുന്നുണ്ട്. അതെല്ലാം കണ്ട് അവന് വല്ലാത്ത വിഷമം വന്നു.

     "ഈശ്വരാ പാല് കറക്കാൻ നേരായി. ഒന്ന് വേഗാവട്ടെ" തെക്കേ മുറ്റത്തു കെട്ടിയിരുന്ന മൂരിക്കുട്ടനെ സ്നേഹത്തോടെ നോക്കികൊണ്ട് അമ്മ അച്ഛനെ ഒന്നുകൂടി ധൃതി കൂട്ടി.

     "കുട്ടാ നീ വരുന്നുണ്ടോ ആപ്പവൈദ്യന്റെ വീട്ടിലേക്ക്?"

     അച്ഛൻ തോളിലൊരു തോർത്തുമിട്ട് ഇറങ്ങുമ്പോൾ കുട്ടനോട് ചോദിച്ചു. 'കല്യാണിയുടെ കാര്യത്തിനല്ലേ!” സന്തോഷത്തോടെ അവൻ അച്ഛന്റെ പിന്നാലെ വേഗം ഓടി. ആ ഓട്ടത്തിനിടയിൽ "ഈശ്വരാ ന്റെ കല്യാണിക്ക് ഒന്നും വരുത്തല്ലേ..." എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരു ഉറുപ്പിക നാണയം ശീവോതിക്കൂട്ടിൽ ഭഗവതിയുടെ ചിത്രത്തിനു മുൻപിൽ ഭക്തിയോടെ അമ്മ വക്കുന്നത് കുട്ടൻ മനസ്സിൽ കണ്ടു. വൈദ്യന്റെ വീട്ടിലേക്ക് പത്തുപതിനഞ്ചു മിനിറ്റ് കുണ്ടനിടവഴിയിലൂടെ നടക്കണം. വഴിക്ക് വീതി വളരെ കുറവാണ്. മറുവശത്തുനിന്നും ആരെങ്കിലും വരുന്നുണ്ടെങ്കിൽ ഒന്ന് മുട്ടിയുരുമ്മിയെ പോവാൻ കഴിയൂ. വരുന്നത് പോത്തോ പശുവോ ആണെകിൽ പിന്നാക്കം നടന്ന് ആരുടെയെങ്കിലും തൊടിയിലേക്ക് കയറിനിൽക്കേണ്ടി വരും. മഴക്കാലത്ത് മുട്ടിന് വെള്ളമുണ്ടാകും ആ വഴി നടക്കുമ്പോൾ!

     കല്യാണിയുടെ കാര്യം അത്ര നല്ല പന്തിയല്ല എന്നു തോന്നിയതിനാലാവാം അച്ഛൻ നല്ല വേഗത്തിലാണ് നടക്കുന്നത്. ഒപ്പമെത്താൻ കുട്ടന് ഇടയ്ക്കിടെ ഓടേണ്ടിവന്നു. ഭാഗ്യം വീടുവരെ പോകേണ്ടിവന്നില്ല. ആപ്പവൈദ്യൻ അതാ നടന്നുവരുന്നു. മൂപ്പർ വൈകുന്നേരത്തെ ഒരു വീശലിനുള്ള പുറപ്പാടിലായിരുന്നു. അച്ഛൻ കല്യാണിയുടെ അവസ്ഥ ചെറുതായൊന്നു വിവരിച്ചു. കൈയിലെ മുറിവും കാണിച്ചു. ഇടത്തെ കൈയിലെ ചെറുവിരൽ ചെവിക്കകത്തൊന്നിട്ട് തിരിച്ച് പുറത്തെടുത്തു വൈദ്യൻ. ആ വിരൽത്തുമ്പിലേക്ക് നോക്കി ആലോചനാനിമഗ്നനായി. അച്ഛന്റെ കൈയിലെ മുറിവും ഒന്ന് നോക്കി.

     "മാഷേ ... പയ്യിനെ നായ്ക്കൾ വല്ലതും കടിച്ചിരുന്നോ?"

     "എന്താ ആപ്പേ കാര്യം?"

     "അല്ല മാഷെ പയ്യിന്റെ വായെന്ന് നൊരേം പതേം വര്ണ്ണ്ട്. ങ്ങളെ ഒന്ന് കടിക്കേം ചെയ്തു. പേയടെ ഒരു ലക്ഷണം പോലെ!"
അത് കേട്ടപ്പോൾ കുട്ടന് വല്ലാത്ത പേടി തോന്നി. പേപ്പട്ടി കടിച്ച ആൾക്കാരുടേം ജന്തുക്കളുടെയും പേടിപ്പിക്കുന്ന മരണങ്ങളെ പറ്റി കുറെ കഥകൾ അവനും വായിച്ചിട്ടുണ്ട്.

     "നടക്ക മാഷെ. ഒന്ന് നോക്കാം. ഗുരുദരം ആണെങ്കി ന്നെക്കൊണ്ടാവ് ല്യ." ഇതുകൂടി കേട്ടപ്പോഴേക്കും കുട്ടന്റെ കണ്ണിൽനിന്നും ചെറുതായി വെള്ളം വരാൻ തുടങ്ങിയിരുന്നു.

"ഒന്നും ല്യ കുട്ടാ. മ്മടെ കല്യാണിക്ക് ഒന്നും ല്യ. അയ്യേ! കരയണ്ടാട്ടോ” ആപ്പ പുറത്തു തട്ടി കുട്ടനെ ആശ്വസിപ്പിച്ചപ്പോൾ അവന് ഒന്നു കൂടി സങ്കടമായി.

     എത്ര വേഗമാണ് വൈദ്യനെയും കൂട്ടി തിരിച്ചു വീട്ടിലെത്തിയതെന്നവനറിഞ്ഞില്ല. കല്യാണിയുടെ അടുത്തെത്തിയപാടേ വൈദ്യൻ പതുക്കെ ചെന്ന് അവളുടെ വാലിന്റെ അറ്റത്തെ രോമത്തിൽ പിടിച്ചു ചെറുതായി രണ്ടുമൂന്നു പ്രാവശ്യം വലിച്ചു. ആശ്വാസത്തോടെ അച്ഛനെ നോക്കിപറഞ്ഞു

     "ഒരു കൊഴപ്പോം ല്യ മാഷെ."

     പേ പിടിച്ച പശുവാണെങ്കിൽ വലിച്ചാൽ വാലിലെ രോമം ഇളകി വരുമത്രെ. ആപ്പ വൈദ്യൻ അച്ഛനോട് വിവരിച്ചു. ഇനി കുഴപ്പമില്ല. കാര്യങ്ങൾ ആപ്പവൈദ്യന്റെ വരുതിക്ക് നിന്നോളും! കുട്ടൻ വലിയ ബഹുമാനത്തോടെയും സന്തോഷത്തോടെയും ആ നാട്ടു വൈദ്യനെ നോക്കി.

     വലിയ അപകടമില്ലെന്നു മനസ്സിലാക്കിയ വൈദ്യൻ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. കാര്യം മനസ്സിലായപോലെ ഒരു ഭാവം. അരയിൽനിന്നും പേനാക്കത്തി പുറത്തെടുത്തു വടക്കുവശത്തേക്ക് നടന്നു. അമ്മ പുറത്ത് പാത്രം കഴുകുന്ന സ്ഥലത്തുനട്ടിരുന്ന കുന്നൻ വാഴയുടെ ഒരു ഇല അടിവശം ചേർത്തു മുറിച്ചെടുത്തു. ഏതാണ്ട് ഒരു മീറ്റർ നീളത്തിൽ ഇലയെല്ലാം ചീകി മാറ്റി വാഴത്തണ്ടുമെടുത്ത് മുൻവശത്തേക്ക് വന്നു. കുട്ടൻ വൈദ്യന്റെ പിന്നാലെതന്നെയുണ്ട്. ഉമ്മറത്തെ കോലായിൽ നിന്ന് ഒരു മരക്കഷണമെടുത്ത് വാഴത്തണ്ടിന്റെ ഒരറ്റം ചെറുതായൊന്ന് ചതച്ചു.

     "മാഷെ... ഒന്ന് വരൂ. കല്യാണീന്റെ വായൊന്ന് പിടിക്കണം"

അച്ഛൻ ശ്രദ്ധയോടെ കല്യാണിയുടെ വായ പതുക്കെ പിളർത്തിപ്പിടിച്ചു. വായിൽനിന്നും നല്ലവണ്ണം നുരയും പതയും വരുന്നുണ്ട്. ആപ്പവൈദ്യൻ വാഴത്തണ്ട് കല്യാണിയുടെ വായ്ക്കകത്തേക്കിട്ട് ചെറുതായി രണ്ടു പ്രാവശ്യം കുത്തി.
മുന്നിലെ രണ്ടുകാലുകളുമുയർത്തി അവളൊന്നു ചാടി. എന്നിട്ട് ആശ്വാസത്തോടെ എല്ലാവരെയുമൊന്ന് നോക്കി. ഇപ്പോൾ ഒരു അസുഖവുമില്ല. ദൂരെ ഇരിക്കുന്ന കാടിപ്പാത്രത്തിലേക്കു നോക്കി തല കുലുക്കുന്നു. അമ്മ വേഗം അതെടുഞ്ഞ് അവളുടെ മുന്നിലേക്ക് വച്ച് കൊടുത്തു. ആർത്തിയോടെ കല്യാണി അത് കുടിക്കാൻ തുടങ്ങി. കുട്ടൻ അന്തം വിട്ടു നിൽക്കുകയാണ്. അവനൊന്നും മനസ്സിലായില്ല.

     "എങ്ങിന്യാ അച്ഛാ കല്യാണീടെ അസുഖം മാറീത്?"
കുട്ടന്റെ നിൽപ്പും ചോദ്യവും കേട്ട ആപ്പ വൈദ്യൻ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു.

     "കുട്ടാ... പൈക്കൾക്ക് പഴുത്ത മാങ്ങ നല്ല ഇഷ്ടാണ്. സാധാരണ അതിന്റെ തോലും കാമ്പും തിന്ന് അണ്ടി തുപ്പിക്കളയും. കല്യാണിക്ക് ഇന്ന് അബദ്ധം പറ്റി. മാങ്ങയുടെ സ്വാദിൽ അണ്ടിയും തിന്നാൻ നോക്കിയതാവും. അണ്ടി തൊണ്ടേൽ കുടുങ്ങി. അതാ വെപ്രാളം കാണിച്ചത്. കുട്ടൻ നാളെ രാവിലെ പോയി തൊഴുത്തിൽ ഒന്നു നോക്കണം, കല്യാണി ഇട്ട ചാണകത്തിൽ ആ അണ്ടിണ്ടാവും!"

     അപ്പോഴേക്കും അമ്മ ആപ്പവൈദ്യന് കൊടുക്കാനായി ഒരു ഗ്ലാസ് ചായയുമായി വന്നു. അത് വൈദ്യന് കൊടുത്തുകൊണ്ട് കുട്ടനോടായി പറഞ്ഞു

     " കുട്ടാ ആ മൂരിക്കുട്ടനെ കയറഴിച്ചു വിട്ടോ. ഇന്നിനി പാൽ കറക്കണില്യ. കല്യാണി കൊറേ ബുദ്ധിമുട്ടിയതല്ലേ. അവൻ പാല് മുഴുവനും കുടിച്ചോട്ടെ."
കുട്ടൻ ഓടിച്ചെന്ന് മൂരിക്കുട്ടന്റെ കയറഴിച്ചുവിട്ടു. അവനോടിപ്പോയി കല്യാണിയുടെ അകിട്ടിൽനിന്നും പാല് വലിച്ചുകുടിക്കാൻതുടങ്ങി. എല്ലാവർക്കും നല്ല സന്തോഷം, പിന്നെ കുട്ടന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ!



  Content  
  എഡിറ്റോറിയൽ  
  ജാതകം
പി. വിശ്വനാഥൻ
 
  കണ്ണകിയെ അറിയാൻ
എം. തോമസ്
 
  കല്ല്യാണിയുടെ കടി
ശ്രീപ്രസാദ്‌ വി.
 
  രണ്ട് കവിതകൾ
മായാദത്ത്
 
  വിതുമ്പുന്ന മനസ്സുകൾ
നോബിൾ ജേക്കബ്
 
  യാത്രകളിൽ ചിലപ്പോൾ സംഭവിക്കുന്നത്
കണക്കൂർ ആർ. സുരേഷ്‌ കുമാർ
 
  ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ?
നാദിയ അജ്‌മൽ
 
  Words fallen
Prathibha Pradosh
 
  നിദ്ര
സുനിൽ ഡി. ജോർജ്
 
  Miss Y
Varada Harikumar
 
  നീലശരികൾ
ആശാമോൾ എൻ.എസ്‌.
 
  My brother
Adithyakrishna