E-Magazine
ലക്കം: 3
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
സെപ്‌റ്റംബർ 2017
     
 
 
  Cover Page  
പ്രവാസിയുടെ ഓണം - ബോംബെയിലും മുംബൈയിലും
എ. വേണുഗോപാലൻ

ഞാൻ ബോംബെയിൽ എത്തുന്നത് 1969 മധ്യത്തിലാണ്; കരിവണ്ടിയും ആർക്കോണത്തെ കാത്തുകിടപ്പും ഒക്കെ നിലവിലുണ്ടായിരുന്ന ഒരു കാലത്ത്. ട്രാമുകൾ അന്നേക്ക് അപ്രത്യക്ഷമായികഴിഞ്ഞിരുന്നു; അതൊക്കെ കൽക്കത്തക്കു കൊണ്ടുപോയി എന്നായിരുന്നു പ്രചാരത്തിലുണ്ടായിരുന്ന കഥ. ട്രാമോടിയിരുന്ന റയിലുകൾ ദാദറിലെ ട്രാം ടെർമിനസ് (ടി.ടി.) വരെ അപ്പോഴും ബാക്കിയുണ്ടായിരുന്നു. ട്രാമിനുപകരം വൈദ്യുതിയിലോടുന്ന ബസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്; വൈദ്യുത തീവണ്ടികൾ പോലെ ആകാശത്തു വലിച്ചുകെട്ടി അഴ പോലെ നിർത്തിയിരിക്കുന്ന വൈദ്യുത കമ്പിയിലേക്ക് ബസ്സിന്റെ മുകളിൽനിന്ന് തോട്ടിപോലൊരു സംവിധാനം കൊണ്ട് ബന്ധം സ്ഥാപിക്കുന്നു, ട്രാം പോലെത്തന്നെ റോഡിന്റെ നടുവിലൂടെ അലസഗമനം നടത്തിയിരുന്ന ഈ സംഭവം ഒട്ടും പച്ച പിടിച്ചില്ലെന്നു തോന്നുന്നു; അതിലൊന്ന് കയറി നഗരക്കാഴ്ചകൾ ആസ്വദിക്കണം എന്ന് പരിപാടിയിട്ട് വരുമ്പോഴേക്കും അവയും റോഡിൽ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ഇതൊക്കെ പക്ഷെ, ദക്ഷിണ ബോംബെ എന്ന നഗര പ്രദേശത്തു മാത്രം. വടക്കൻ ഭാഗത്ത് തല ശരീരത്തിൽനിന്നും വേർപെടുത്തി നിൽക്കുന്ന ഭീമാകാരന്മാരായ ഡബിൾ ഡക്കർ ബസ്സുകൾ റോഡു ഭരിച്ചു; ബി.എ.ആർ.സി സൗത്ത് ഗേറ്റിൽ നിന്നും നഗരത്തിലേക്കോടിയിരുന്ന 6 LTD ഈ ജനുസിൽപ്പെട്ട ഒന്നായിരുന്നു. ഇതെല്ലാം പക്ഷെ ബോംബെ നഗരത്തിലായിരുന്നു, മുംബൈ അവതരിക്കുന്നതിനു മുൻപ്.
നഗരത്തിന്റെ പൈതൃകം തങ്ങൾക്ക് സ്വന്തം എന്ന് സ്ഥാപിച്ചെടുക്കുന്ന ഭാഷാഭൂരിപക്ഷ മുഷ്കിൽ എപ്പോഴോ ബോംബെ, മുംബൈ ആയി. പഞ്ചാംഗഗണിതങ്ങൾ സൗരാഷ്ട്രീയ മുഷ്ക്കുകൾക്കപ്പുറമായതുകൊണ്ടാകണം ഗണപതി ഉത്സവവും ഓണവും എന്നും തൊട്ടുരുമ്മിതന്നെ വന്നു. ഗണപതി വിസ്സർജ്ജനത്തിനുശേഷം ഉത്സവപ്പന്തലുകൾ മലയാളികൾക്ക് ഓണം ആഘോഷിക്കാൻ മറാത്തികൾ സൗമനസ്യപൂർവം വിട്ടുകൊടുത്തിരുന്ന ഒരു മധുര-മനോജ്ഞ കാലത്തെക്കുറിച്ചു ശ്രീമാൻ "നഗരായനം" എന്ന ആത്മകഥയിൽ സ്മരിക്കുന്നുണ്ട്; വി.കെ.കൃഷ്ണമേനോൻ ബോംബയിൽനിന്ന് നിഷ്പ്രയാസം ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന, മലയാളി മാധവൻ ബോംബെ മേയറാവുന്ന കാലം. അത്തരം ഗാഢ സൗഹൃദങ്ങളൊന്നും കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല; എന്നാലും ഭാഷാടിസ്ഥാനത്തിലുള്ള സ്പർധകളൊന്നും അന്നു മറനീക്കി പുറത്തുവന്നിരുന്നില്ല; എല്ലാ ഭാഷാ ന്യൂനപക്ഷങ്ങൾക്കും മുഖ്യധാരയിൽ ഭയമൊന്നും കൂടാതെ ചേർന്നുനിൽക്കാനുള്ള അന്തരീക്ഷം തീർച്ചയായും നിലനിന്നിരുന്നു.
എണ്ണത്തിൽ കുറവായിരുന്നെങ്കിലും ഉള്ള മലയാളി സമാജങ്ങൾ സമൂഹത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിച്ചിരുന്ന കാലമായിരുന്നു അത്. ഒരു ദിവസം താമസിച്ചായാലും എത്തുന്ന മലയാള പത്രങ്ങളും, ലൈബ്രറിയിലെ പുസ്തകങ്ങളും വായിക്കാനെത്തുന്നവരുടെ ബഹളം, സാഹിത്യ-രാഷ്ട്രീയ ചർച്ചകൾ, കലാപ്രവർത്തനങ്ങൾ… എല്ലാ സമാജങ്ങളുടെയും അജണ്ടയിലെ മുഖ്യ ഇനം ഓണാഘോഷം തന്നെ. ഓണത്തിന്റെ മതേതരമായ അപ്പീൽ തന്നെ ആയിരിക്കണം ഇതിനു കാരണം. ഓണസദ്യ അന്നു പക്ഷേ തികച്ചും വ്യക്തിഗതമായ ഒരു വിഷയമായിരുന്നു; കേരളത്തിലെ പോലെ തന്നെ. അവിവാഹിതരും കുടുംബം കൂടെയില്ലാത്തവരും ഏതെങ്കിലും ഒരു വീട്ടിൽ ഒത്തുകൂടി ഓണസദ്യയൊരുക്കി; കുടുംബവുമായി താമസിച്ചിരുന്ന ഭാഗ്യവാന്മാർ വളരെ വേണ്ടപ്പെട്ട ‘ഒറ്റയാൻ’മാരെ ഓണസദ്യക്ക് ക്ഷണിച്ചു. ഓണത്തിന് ലീവെടുക്കുന്നത് മിക്ക മലയാളികൾക്കും ഒരഭിമാനപ്രശ്നമായിരുന്നു.
മലയാളിസമാജങ്ങളുടെയും മറ്റ് സാമൂഹ്യസംഘടനകളുടെയും ഓണാഘോഷം മുഖ്യമായും കലാപരിപാടികൾ ഒരുക്കലായിരുന്നു. അതിൽ സർവ്വപ്രധാനം നാടകം തന്നെ. ഓണത്തിനുശേഷവും ആഴ്ചകൾ നീളുന്ന ഓണാഘോഷകലാവിരുന്നുകൾക്ക് നഗരം സാക്ഷിയാവും.
ആഴ്ചകൾ നീണ്ടുനിൽക്കുന്ന റിഹേഴ്സലുകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷമാണ് ഒരു നാടകവും മറ്റ് കലാപരിപാടികളും അരങ്ങിൽ എത്തുന്നത്. റിഹേഴ്സൽ കാലത്തെ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി പതുക്കെ സംഘത്തിൽ രൂപപ്പെടുന്ന ഒരു ഗാഢസൗഹൃദമുണ്ട്; ഏതു കൂട്ടായ്മയുടെയും essence അതാണ്. സമാജം പ്രവർത്തനങ്ങളിൽ അന്നുണ്ടായിരുന്ന ഓജസ്സിന്റെയും ഉത്സാഹത്തിന്റെയും അടിസ്ഥാനം ഒരു പക്ഷേ ഇതൊക്കെത്തന്നെ ആയിരുന്നിരിക്കണം.
എൺപതുകളുടെ പകുതിയാവുമ്പോഴേക്കും നഗരത്തിലെ മലയാളി സമൂഹത്തിന്റെ ഘടനയിൽ വ്യക്തമായ വ്യത്യാസങ്ങൾ വരാൻ തുടങ്ങിയിരുന്നു. ബോംബേയിലേക്കുള്ള മലയാളി ഭാഗ്യാന്വേഷികളുടെ ഒഴുക്ക് കാര്യമായി കുറയാൻ തുടങ്ങിയിരുന്നു. ഗൾഫ് നാടുകളുടെ ആകർഷണം അതിലൊരു പ്രധാനഘടകമായിരുന്നു. നഗരത്തിലെ മാറിയ സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ സമവാക്യങ്ങളും ഈ താല്പര്യക്കുറവിനെ സ്വാധീനിച്ചിരിക്കണം. വാശിയേറിയ മൽസരങ്ങൾക്ക് സാക്ഷിയാകുമായിരുന്ന സമാജങ്ങളുടെ തിരഞ്ഞെടുപ്പുകൾ സമാജഭാരവാഹിത്തം അടിച്ചേൽപ്പിക്കപ്പെടുന്ന പ്രഹസനവേദികളായി. ഓണാഘോഷം ‘ഊണാഘോഷ’മായി മാറുന്നത് ഇക്കാലത്താണ്. പൊതുപ്രവർത്തനം പൊതുവെ നഗരത്തിലെ മലയാളികൾക്ക് അന്യമാവുകയായിരുന്നു. സാമാന്യേന ഭേദപ്പെട്ട വേതനം നൽകുന്ന വിവരസാങ്കേതികരംഗത്തെ കമ്പനികൾ പ്രചരിപ്പിച്ച വികലമായ തൊഴിൽ-സേവന വ്യവസ്ഥകൾ ഈ സംസ്കാരത്തിന് ആക്കം കൂട്ടി എന്നു തോന്നുന്നു. സദ്യ ഏർപ്പാടക്കുന്നത് കരാറുകാരനാവുമ്പോൾ ആളില്ലാത്തതിന്റെ അലോസരം പ്രശ്നമല്ലാതാവുമല്ലോ!
വീട്ടു മുറ്റത്ത് മെഴുകിയ കളത്തിൽ ഒരു ശ്രീത്വം ആയി വന്നിരുന്ന, നാടൻ പൂവിന്റെ പൂക്കളം ഒരു താരമായി മാറുന്നതും ഇക്കാലത്താണ്. നഗരത്തിലെ ഓണത്തിന്റെ ഒരു പ്രധാന ഘടകം പൂക്കളവും പൂക്കള മത്സരവും ആയി മാറി; ദാദർ പൂമാർക്കറ്റിലെ പലവിധം പൂക്കൾ ഒരുക്കുന്ന പൂക്കളം എന്ന സംഭവം നഗരത്തിലെ ഒരു കലാരൂപമായി മാറി. ജാതി മത ലിംഗ ഭേദങ്ങൾക്കതീതമായി ആളുകൾ ഇതിൽ പങ്കുചേരുന്നു; അന്യ ഭാഷക്കാരും പതുക്കെ എങ്കിലും ഈ 'രംഗോലി' നിർമാണത്തിൽ ഭാഗമാകാൻ തുടങ്ങിയിരിക്കുന്നു എന്നത് ഓണത്തിന്റെ സാർവ്വദേശീയ അംഗീകാരമായി നമുക്ക് കണക്കാക്കാം. നാട്ടിൽ നിന്നും പലരും സംഘടിപ്പിച്ചു കൊണ്ടുവന്നിരുന്ന മരത്തിലും മണ്ണിലും തീർത്ത മാതേവന്മാർ അട്ടത്തെ സ്ഥിര താമസക്കാരായി. രാജാപ്പാർട്ട് കെട്ടിയിരുന്ന മഹാബലിയെ ഓണാഘോഷത്തിന്റെ ഭാഗമാക്കി എഴുന്നെള്ളിച്ചു കൊണ്ടുവരാൻ തുടങ്ങിയതോടെ സംഗതി ഉഷാർ. പണ്ടൊന്നും പറഞ്ഞു കേൾക്കാത്ത സംഭവം ഏതു രസികന്റെ തലയിലാണാവോ ഉദിച്ചത്! ഏതായാലും ഇന്നിപ്പോൾ മുംബൈയിലെ ഓണം പൂക്കള മത്സരവും മഹാബലി എഴുന്നള്ളത്തും പിന്നെ വിസ്തരിച്ചു വാഴയിലയിൽ വിളമ്പുന്ന ഊണും എന്ന ലളിത സമവാക്യത്തിൽ ഒതുങ്ങുന്ന ഏർപ്പാടായി. അതിനിടക്ക് അത്യാവശ്യംഒരു കൈകൊട്ടിക്കളിയും കുട്ടികളുടെ ഡാൻസും ചില മിമിക്രിയും ഒക്കെയായി ഊണ് വരെ മടുക്കാതെ കഴിക്കാൻ ചില്ലറ പരിപാടികൾ. നാട്ടിൽ ഇതുപോലുമില്ലല്ലോ സാർ എന്ന് വ്യാകുലപ്പെടുന്നവരും ഉണ്ടാകും.
സമയത്തിന് അഥവാ കാലത്തിന്, വിസ്മയിപ്പിക്കുന്ന ചാക്രിക സ്വഭാവം ഉണ്ട് എന്നാണ് എന്റെ തോന്നൽ. എൺപതുകളുടെ അവസാനത്തിൽ നമ്മൾ ഉപേക്ഷിച്ച നാടക പ്രേമവും മലയാളപഠനവും മലയാള സംസ്കൃതിയോടുള്ള സ്നേഹവും ഒക്കെ തിരിച്ചു വരുന്നതിന്റെ കൃത്യമായ അടയാളങ്ങൾ കാണാൻ തുടങ്ങിയിട്ടുണ്ട്. ഒന്നും പഴയ പോലെ ആകും എന്നല്ല. അതരുത് താനും. മലയാളത്തനിമ അഥവാ നമ്മുടെ സ്വത്വം തിരിച്ചു പിടിക്കാനുള്ള ഒരു ത്വര ഇന്ന് പരക്കെ ദൃശ്യമാണ്; മലയാളം വേണ്ട പോലെ പറയാൻ പോലും അറിയാത്ത, ഇവിടെ ജനിച്ചു വളർന്ന പുതുതലമുറയുടെ ഇടയിൽ പോലും സാർവദേശീയമായ ഓരോന്നും ആഘോഷിക്കാനുള്ള, പാരമ്പര്യത്തെയും തനിമയേയും അവഗണിക്കാത്ത ഒരു രീതി പതുക്കെ മലയാളി സമൂഹം കണ്ടെത്തും, അതും അധികം താമസിയാതെതന്നെ.


  Content  
  എഡിറ്റോറിയൽ  
  പ്രവാസിയുടെ ഓണം - ബോംബെയിലും
മുംബൈയിലും
എ. വേണുഗോപാലൻ
 
  ഓണം എന്റെ കാഴ്ചപ്പാടിൽ
രാജി വിദ്യാനന്ദൻ
 
  Feast O’ Feast ! ! !
Dr. K. V. Vimalnath
 
  ഓണനിലാവ്
ആശാമോൾ എൻ. എസ്
 
  അമീബ
കണക്കൂർ സുരേഷ്കുമാർ
 
  ഇതര സംസ്ഥാന മലയാളികൾ-കേരളമെന്ന
‘ആശയം’ പ്രചരിപ്പിക്കേണ്ടവർ
കെ.കെ പ്രകാശൻ, ദീപക് പച്ച
 
  കുറുവരികൾ
പി. വിശ്വനാഥൻ
 
  മൊബൈൽ ഫോൺ
വിൽസൺ
 
  Cancer, I wish it had a name...
like an 'Apple' or a 'Strawberry' !
Prathibha Pradosh
 
  ഇരുൾ രൂപം
കീഴാറൂർ ചന്തു
 
  ട്രാൻസ്പോർട്ടേഷൻ പ്രോബ്ലം
പത്മകുമാർ
 
  QUIZ TIME AFTER THE BREAK !
Dr. P. Harikumar
 
  നേരം
ബോബി വത്സരാജ്
 
  രണ്ടു ചെറുകഥകൾ
നോബിൾ ജേക്കബ്ബ്
 
  നേട്ടവും നഷ്ടവും
മായാദത്ത്